കേരളം ആറു വര്‍ഷത്തിനകം വീട്ടേണ്ട കടം 71,698 കോടി രൂപ!

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ പകുതിയിലേറെ 2025നകം കൊടുത്തു തീര്‍ക്കണം. 71,698.62 കോടി രൂപയാണ് ഈ കാലയളവിനുള്ളില്‍ കൊടുത്തു തീര്‍ക്കേണ്ടി വരിക. നിയമസഭയില്‍ സമര്‍പ്പിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാനം കടക്കെണിയിലേക്ക് എന്ന സൂചനയുള്ളത്. അധികവരുമാനത്തിനുള്ള വഴികളും കടം വീട്ടാനുള്ള സുചിന്തിതമായ മാര്‍ഗങ്ങളും കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18ല്‍ സര്‍ക്കാര്‍ വാങ്ങിയ കടത്തില്‍ 26 ശതമാനം മാത്രമാണു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ബാക്കി തുക പഴയ കടം വീട്ടാനും പലിശ അടയ്ക്കാനുമായി ചെലവിട്ടു. 15,120 കോടി രൂപ പലിശ അടയ്ക്കാന്‍ ചെലവഴിച്ചപ്പോള്‍ 6,164 കോടി രൂപ മാത്രമാണു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. പലിശ ബാധ്യത മൊത്തം റവന്യു വരുമാനത്തിന്റെ 18.21 ശതമാനമാണ്. തലേവര്‍ഷം ഇത് 16.03 ശതമാനം മാത്രമായിരുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ സ്വന്തം നികുതി വരുമാനത്തിന്റെ തോതു കുറഞ്ഞു വരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 201314ല്‍ മൊത്തം റവന്യു വരുമാനത്തിന്റെ 65 ശതമാനം സംസ്ഥാനത്തിന്റെ റവന്യു വരുമാന സ്രോതസുകളില്‍ നിന്നായിരുന്നെങ്കില്‍ 201718 ല്‍ ഇത് 56 ശതമാനമായി കുറഞ്ഞു.സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം പോലും പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. മധ്യകാല ധനകാര്യ രേഖ പ്രകാരം 53,411 കോടി രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കുമെന്നു കരുതിയിരുന്നെങ്കിലും യഥാര്‍ഥത്തില്‍ പിരിക്കാനായത് 46,460 കോടി രൂപ മാത്രമാണ്. എന്നാല്‍, നികുതിയേതര വരുമാനത്തില്‍ പ്രതീക്ഷയില്‍നിന്നു കാര്യമായ കുറവുണ്ടാകുന്നില്ല.
ലോട്ടറിയില്‍നിന്നുള്ള വരുമാനംമൂലമാണ് നികുതിയേതര വരുമാനം താഴാതെ നിന്നത്. നികുതിയേതര വരുമാനത്തിന്റെ 81 ശതമാനം ലോട്ടറി വരുമാനമായിരുന്നു. എന്നാല്‍ ലോട്ടറിയില്‍നിന്നുള്ള 9,034 കോടിയില്‍ 7,628 കോടിയും സമ്മാനവും കമ്മീഷനുമായി ചെലവായതിനാല്‍ യഥാര്‍ഥ വരുമാനം 1,406 കോടി മാത്രമായിരുന്നു.ജിഎസ്ടി നിലവില്‍ വന്ന ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 16,398 കോടി രൂപയായിരുന്നു. എന്നാല്‍ പിരിഞ്ഞു കിട്ടിയത് 16,240.01 രൂപ മാത്രമാണ്. ജിഎസ്ടിയുടെ ആദ്യ വര്‍ഷം നികുതി വളര്‍ച്ച 12.90 ശതമാനം മാത്രമായിരുന്നു. മൂലധന ചെലവില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തലേവര്‍ഷത്തേക്കാള്‍ 1,377 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. മൊത്തം ചെലവില്‍ മൂലധനച്ചെലവിന്റെ അനുപാതം 10 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി കുറഞ്ഞു. രാജ്യത്തെ ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കേരളം കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ട്. എന്നാല്‍, മറ്റു വികസന മേഖലകളിലെ മൂലധനച്ചെലവ് ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍