ചുമടിന്റെ ഭാരം 55 കിലോയായി കുറയ്ക്കാന്‍ നിയമ ഭേദഗതി

തിരുവനന്തപുരം: ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോയില്‍ നിന്ന് 55 കിലോയായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോയായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ ഫോര്‍ട്ട് കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് ഓരോ റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) കെ.സി. ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍