ചന്ദ്രയാന്‍ 3 വരുന്നു; വിക്ഷേപണം 2020 നവംബറില്‍

ന്യൂഡല്‍ഹി:ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം അടുത്ത വര്‍ഷം നവംബറില്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നു. രണ്ടു മാസം മുമ്പ് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യം, അവസാന നിമിഷം ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നവംബറില്‍ ഉചിതമായ ലോഞ്ച് വിന്‍ഡോ ഉള്ളതിനാലാണ് അപ്പോള്‍ വിക്ഷേപിക്കാന്‍ ആലോചിക്കുന്നത്. പുതിയ ദൗത്യത്തിന്റെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ പിഴവുകള്‍ പരിഹരിച്ചായിരിക്കും പുതിയ ദൗത്യം. പരാജയപ്പെട്ട ദൗത്യത്തിലെ ലാന്‍ഡറും റോവറും ലാന്‍ഡിംഗ് ഓപ്പറേഷനും ഉള്‍പ്പെടെ എല്ലാ സാങ്കേതിക വിദ്യകളും പരിഷ്‌കരിക്കും. മുന്‍ ദൗത്യത്തിലെ പിഴവുകള്‍ വലിയമല എല്‍.പി.എസ് കേന്ദ്രത്തിന്റെ ഡയറക്ടര്‍ വി. നാരായണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി കൃത്യമായി കണ്ടെത്തിയിരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് സ്‌പേസ് കമ്മിഷന് സമര്‍പ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍