26 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിലെത്തി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭര്‍തൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതല്‍ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിറ്റ വകയില്‍ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങള്‍ക്കകം ജോളിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കില്‍നിന്ന് ജോളി പിന്‍വലിച്ചിട്ടുണ്ട്. കൂടത്തായിക്കടുത്തുള്ള മണിമുണ്ടയിലെ രണ്ട്ഏക്കര്‍ സ്ഥലം വിറ്റ് ടോം തോമസ് 16 ലക്ഷം രൂപ തങ്ങള്‍ക്ക് പുതിയ വീട് വയ്ക്കുന്നതിനായി തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാല്‍, മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിലയ്ക്കായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളില്‍നിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു. 20 ലക്ഷത്തില്‍പരം രൂപയ്ക്കു സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടില്‍ ഇല്ലെന്നും കണ്ടെത്തിയിരുന്നു. പണം ബാങ്കില്‍ നിക്ഷേപിച്ച് ദിവസങ്ങള്‍ക്കകം മുഴുവന്‍തുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകള്‍. ടോം തോമസ് വധക്കേസില്‍ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ആള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു എന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. റോയിയും വ്യാപാര പങ്കാളിയും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ ജോളിക്ക് അറിയാമായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പൊന്നാമറ്റത്തില്‍ ടോം തോമസ് സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച മുഖ്യപ്രതി ജോളിയെ ജന്മനാടായ ഇടുക്കിയിലും, പാലായിലും തെളിവെടുപ്പിന് എത്തിച്ചേക്കും. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന കൂടത്തായിയിലെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ ചമച്ച വ്യാജ ഒസ്യത്തിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനും സ്‌കൂളില്‍ അധ്യാപികയാണെന്ന വ്യാജേന ഒരുവര്‍ഷത്തിലധികം പാലായില്‍ താമസിച്ചത് എന്തിനായിരുന്നെന്നും കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.ജോളിയുടെ ബികോം, എംകോം, നെറ്റ് തുടങ്ങിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ സഹായിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍