നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസ് 200 ബസുകള്‍: മന്ത്രി

പത്തനംതിട്ട: കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിനായി 200 ബസുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. 160 നോണ്‍ എസി, 40 എസി ബസുകളാണ് ഉപയോഗിക്കുന്നത്. മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് 269 ബസുകളും സര്‍വീസ് നടത്തും. സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പന്പയിലെത്തിയ മന്ത്രി കെഎസ്ആര്‍ടിസി സര്‍വീസുകളുടെ ക്രമീകരണവും വിലയിരുത്തി.മണ്ഡലമകരവിളക്ക് മഹോത്സവസമയത്ത് പരമാവധി അപകടങ്ങള്‍ കുറയ്ക്കാന്‍ സേഫ്‌സോണ്‍ പദ്ധതിയിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 40-45 ശതമാനം വാഹനങ്ങള്‍ തീര്‍ഥാടനകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതിനനുസരിച്ച് തീര്‍ഥാടകരുടെ എണ്ണവും കൂടുന്നുണ്ട്. തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് തടസങ്ങളില്ലാതെ വാഹനഗതാഗതം ഉറപ്പുവരുത്താനും അപകടങ്ങള്‍ കുറയ്ക്കാനും കഴിയണം. സേഫ് സോണിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആറു ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും എല്ലാ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കല്‍ സേഫ്‌സോണ്‍ മെയിന്‍ കണ്‍ട്രോളിംഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പട്രോളിംഗ് വാഹങ്ങളുടെ ഫ്‌ളാഗ് ഓഫും മന്ത്രി ശശീന്ദ്രന്‍ നിര്‍വഹിച്ചു. പദ്ധതിരേഖയുടെ പ്രകാശനം റോഡ് സുരക്ഷ കമ്മീഷണര്‍ എന്‍. ശങ്കര്‍ റെഡി റോഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇളങ്കോവന് നല്‍കി പ്രകാശനം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ, വാര്‍ഡ് മെംബര്‍മാരായ രാജന്‍ വെട്ടിക്കല്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, സേഫ്‌സോണ്‍ കണ്‍വീനറായ പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ്, സേഫ്‌സോണ്‍ സ്‌പെഷല്‍ ഓഫീസര്‍ പി.പി സുനില്‍ ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍