ശബരിമല തീര്‍ഥാടനം ; സുരക്ഷയ്ക്കു 10,017 പോലീസുകാര്‍

തിരുവനന്തപുരം:ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷയ്ക്കായി 10,017 പോലീസ് ഉദ്യോഗസ്ഥരെയാണ് രണ്ടു മാസക്കാലയളവില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. എസ്പി, എഎസ്പി തലത്തില്‍ 24 പേരും ഡിവൈഎസ്പിമാര്‍ 112, ഇന്‍സ്‌പെക്ടര്‍മാര്‍ 264, എസ്‌ഐ, എഎസ്‌ഐമാര്‍ 1185 എന്നിങ്ങനെയും സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായെത്തും. വനിതാ ഇന്‍സ്‌പെക്ടര്‍, എസ്‌ഐ തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്. 15 മുതല്‍ 30വരെയുള്ള ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതല നിര്‍വഹിക്കുക. മൂന്ന് എസ്പിമാര്‍, രണ്ട് എഎസ്പിമാര്‍, 23 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടാകും. രണ്ടാംഘട്ടത്തില്‍ 2,539 പോലീസ് ഉദ്യോഗസ്ഥരും മൂന്നാംഘട്ടത്തില്‍ 2992 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയിലുണ്ടാകും. മകരവിളക്കു കാലത്ത് 3,077 പേരെയാണ് നിയോഗിക്കുന്നത്. കൂടാതെ തീര്‍ഥാടനകാലത്തു സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ 1,560 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാവിഭാഗം, കേന്ദ്രസേന, സായുധ പോലീസ്, ഇതര സംസ്ഥാന പോലീസ് എന്നിവരുടെ സഹകരണവും ശബരിമല ഡ്യൂട്ടിയില്‍ പോലീസിനുണ്ട്. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.ചീഫ് പോലീസ് കോ ഓര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കു മെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍