ദുബൈയില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ വരുന്നു

 ദുബൈ:ദുബൈയില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ വരുന്നു. പൊലീസുകാരില്ലാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായിരിക്കും കടലില്‍ നിര്‍മിക്കുക. ദുബൈയില്‍ പുരോഗമിക്കുന്ന ജിടെക്‌സ് സാങ്കേതിക വാരത്തിലാണ് ദുബൈ പൊലീസ് ആദ്യ ഫ്‌ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പ്രഖ്യാപിച്ചത്. ദുബൈയുടെ കൃത്രിമ ദ്വീപുകളിലൊന്നായ ദുബൈ വേള്‍ഡ് ഐലന്റിന്റെ സമീപത്തായിരിക്കും കടലില്‍ പൊങ്ങി കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുക. യു.എ.ഇ ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ ഫ്‌ലോട്ടിങ് പൊലീസ് സ്റ്റേഷന്റെ മാതൃക അനാവരണം ചെയ്തത്. രണ്ടുവര്‍ഷം മുമ്പാണ് ദുബൈ പൊലീസ് ആദ്യത്തെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ തുറന്നത്. പൊലീസുകാരുടെ സഹായമില്ലാതെ തന്നെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുക, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍. കടലില്‍ പോകുന്നവരുടെ സേവനത്തിനായാണ് സമുദ്രത്തില്‍ ഫ്‌ലോട്ടിങ് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍