ബാഴ്‌സയുടെ അപ്പീല്‍ തള്ളി; എല്‍ ക്ലാസിക്കോയില്‍ സൂപ്പര്‍ താരം കളിക്കില്ല

ഒക്ടോബര്‍ 26ന് റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന സ്പാനിഷ് ലീഗ് മത്സരത്തിനുള്ള ബാഴ്‌സലോണ സംഘത്തില്‍ മുന്നേറ്റതാരം ഉസ്മാന്‍ ഡെംബലെ ഉണ്ടാവില്ല. സെവിയ്യക്കെതിരായ മത്സരത്തില്‍ റഫറിയോട് കയര്‍ത്തതിന് ചുവപ്പുകാര്‍ഡ് കണ്ട ഫ്രഞ്ച് താരത്തിനു വേണ്ടി ബാഴ്‌സ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും മാച്ച് റഫറിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ കോമ്പറ്റീഷന്‍ കമ്മിറ്റി തയ്യാറാ യില്ല.ഒക്ടോബര്‍ ആറിന് സെവിയ്യക്കെതിരായ മത്സരത്തിന്റെ 88ാം മിനുട്ടിലാണ് ഡെംബലെ ചുവപ്പുകാര്‍ഡ് കണ്ടത്. 22കാരനായ താരം തന്നോട് മോശമായി പെരുമാറിയെന്നും കൈചൂണ്ടി 'നിങ്ങള്‍ മോശം ആളാണ്, വളരെ വളരെ വളരെ മോശം' എന്നു പറഞ്ഞു വെന്നും മത്സരം നിയന്ത്രിച്ചിരുന്ന റഫറി ആന്റോണിയോ മാത്യു മാച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഡെംബലെക്ക് സ്പാനിഷ് ഭാഷ അറിയില്ലെന്നു പറഞ്ഞ് ലയണല്‍ മെസ്സി റഫറിയെ സമീപിച്ചെ ങ്കിലും കാര്യമുണ്ടായില്ല. സെവിയ്യക്കെതിരെ ഒരു ഗോള്‍ നേടിയിരുന്ന താരത്തിന് രണ്ട് മത്സരത്തിലാണ് പുറത്തിരിക്കേണ്ടി വരിക.റഫറി പറഞ്ഞതുപോലെ ദീര്‍ഘമായ ഒരു വാചകം ഡെംബലെ സ്പാനിഷ് ഭാഷയില്‍ പറയുമെന്ന് താന്‍ കരുതുന്നില്ലെന്ന് ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ പറഞ്ഞു. എട്ട് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 16 പോയിന്റുമായി ബാഴ്‌സലോണ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുമായുള്ള റയല്‍ മാഡ്രിഡുമായി സ്വന്തം തട്ടകമായ ക്യാംപ്‌നൗവിലാണ് ബാഴ്‌സ ഏറ്റുമുട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍