സിന്ധുവിന്റെ നേട്ടം പ്രചോദനം: മുഖ്യമന്ത്രി

തിരുവനന്തപുരം: പി.വി. സിന്ധുവിന്റെ ബാഡ്മിന്റണ്‍ ലോകകിരീട നേട്ടം മുഴുവന്‍ കായിക താരങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പി.വി. സിന്ധുവിന് ആദരവ് അര്‍പ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കായികപ്രതിഭകള്‍ക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആര്‍ജിച്ചിരിക്കുന്നു. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. കേരളത്തിന്റെ കായിക വികസനത്തിന് സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. കേരള ഒളിമ്പിക് അസോസിയേഷന്റെ ഓണ്‍ലൈന്‍ ചാനല്‍ സിന്ധു ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ശശിതരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, കായിക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍, ട്രഷറര്‍ എം.ആര്‍. രഞ്ജിത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, കായിക ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, കൗണ്‍സിലര്‍ ആയിഷ ബേക്കര്‍, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ് എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍