ലബനാനിലേക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ച് യു.എ.ഇ

യു.എ.ഇ:ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ലബനാന്‍ അധികൃതരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം. താല്‍പര്യമുള്ള ഏതൊരു യു.എ.ഇ പൗരനും ലബനാനിലേക്ക് പോകാന്‍ വിലക്കില്ലെന്ന് യു.എ.ഇ അറിയിച്ചു. വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലാണ് വിലക്ക് പിന്‍വലിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി അബൂദബിയില്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലമായ സ്വഭാവത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഇരു നേതാക്കളും തീരുമാനിച്ചു. പുറമെ നിന്നുള്ള ചില രാജ്യങ്ങളുടെ ഇടപെടലുകളാണ് ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അടിസ്ഥാന കാരണമെന്ന വിലയിരുത്തലില്‍ ആണ് യു.എ.ഇ. ലബനാന്‍ ജനതയുടെ പുരോഗതിക്കു വേണ്ടി എല്ലാ സഹായവും തുടരുമെന്നും യു.എ.ഇ നേതൃത്വം സഅദ് ഹരീരിക്ക് ഉറപ്പു നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍