ഇടതുപക്ഷം ഒരു ആചാരത്തിനും എതിരല്ല: മന്ത്രി കെ.കെ. ശൈലജ

കോന്നി: ഇടതുപക്ഷം ഒരു ആചാരത്തിനും എതിരല്ലന്ന് മന്ത്രി കെ. കെ. ശൈലജ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പെരിഞ്ഞൊട്ടക്കല്‍ ഇരുപതേക്കറില്‍ നടന്ന കുടുംബയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പദ്ധതി വിഹിതം ഒരിക്കലും കേന്ദ്രം നല്‍കാറില്ല. സംസ്ഥാനത്ത് 2018ല്‍ പ്രളയം ഉണ്ടായപ്പോള്‍ 31000 കോടി രൂപയുടെ നഷ്ടമുണ്ടായി. ആങ്കണവാടി ജീവനക്കാരുടെ പരിമിതമായ വേതനം മുതല്‍ കൊച്ചു കുട്ടികളുടെ സമ്പാദ്യ കുടുക്ക വരെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയപ്പോള്‍ അതിനെയെല്ലാം നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന പ്രചരണം തെറ്റാണ്. 2012 ല്‍ നിര്‍മാണം തുടങ്ങിയ മെഡിക്കല്‍ കോളജ് എന്തുകൊണ്ടാണ് യുഡിഎഫ് പൂര്‍ത്തിയാക്കത്തത്. തുടര്‍ന്നു വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റാണ് നിര്‍മാണം ദ്രുതഗതിയിലാക്കിയത്. 300 കിടക്കളുള്ള ആശുപത്രി ഉടന്‍ ആരംഭിക്കും. അതിനു ശേഷമേ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.രേണുക അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ എം. എസ്. ഗോപിനാഥന്‍, എ. ദീപു കുമാര്‍, ജിജോ മോഡി, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കോന്നി പഞ്ചായത്തില്‍ വിവിധ കുടുംബയോഗത്തിലും ഭവന സന്ദര്‍ശനത്തിലും മന്ത്രി പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍