മരട് ഫ്‌ളാറ്റ് : രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന് ആദ്യയോഗത്തിലാണ് തീരുമാനം. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ചുമതലക്കാരനായ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിറ്റി മുന്പാകെ കാര്യങ്ങള്‍ ബോധിപ്പിച്ചു. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സമിതിക്കു കൈമാറിയിരുന്നു. ഈ പട്ടിക പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരുടെ ഉടമസ്ഥതാ രേഖകളും സമിതി പരിശോധിച്ചു.241 പേരുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക സര്‍ക്കാരിനു സമര്‍പ്പിച്ചത് മരട് നഗരസഭയാണ്. 135 ഫ്‌ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്പനക്കരാറുമാണ് നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നത്. 54 ഫ്‌ളാറ്റുകള്‍ നിര്‍മാതാക്കളുടെ പേരില്‍ തന്നെയാണ്. എല്ലാ ആധാരങ്ങളുടെയും അസല്‍ പകര്‍പ്പുകള്‍ നഗരസഭ പരിശോധിച്ചിട്ടില്ലാത്തതിനാല്‍ അവ പരിശോധിക്കാന്‍ യോഗം മരട് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.പ്രമാണങ്ങളില്‍ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും പ്രമാണങ്ങളെ സംബന്ധിച്ച മറ്റുപ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് 14നു ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കാനും സെക്രട്ടറിയോട് യോഗം ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് ഉടമകള്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണം. അടുത്ത മൂന്നു ദിവസത്തിനകം കിട്ടുന്ന അപേക്ഷകള്‍ 14നും അതിനുശേഷം കിട്ടുന്നവ 17നും കമ്മിറ്റി പരിശോധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍