സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉറപ്പു നല്‍കുന്നു. ഇതിനു പുറമേ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്.പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ സ്ത്രീസംവരണം 50 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുത്തള്ളും. പട്ടിക ജാതി വിഭാഗക്കാര്‍ക്കും അതി പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് 12,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പായി നല്‍കും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഉള്ളവര്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.അധികാരത്തില്‍ എത്തിയാല്‍ പട്ടികജാതിക്കാര്‍ക്കായി കമ്മീഷന്‍ രൂപീകരിക്കുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. സ്ത്രീകള്‍ക്കു പ്രകടന പത്രികയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍