മരടില്‍ നഷ്ടപരിഹാരം 125 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രമെന്ന് സൂചന

കൊച്ചി:മരട് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ വ്യാപകമായ നിയമലംഘനം നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മരടില്‍ നഷ്ടപരിഹാരം 125 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന. മരടിലെ ഫ്‌ളാറ്റുകള്‍ കായലും ചതുപ്പും നികത്തിയാണ് നിര്‍മ്മാണം നടത്തിയതെന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. അനധികൃതമായി നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവരോടാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കൂടുതല്‍ രേഖകള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫീസ് രേഖകളും ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയിട്ടുണ്ട്. അതേസമയം മരടില്‍ വില്‍പ്പന നടന്ന 198 ഫ്‌ളാറ്റുകളില്‍ 125 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്നാണ് സൂചന. മറ്റുള്ളവര്‍ ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കിയിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഫ്‌ളാറ്റ് പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനുള്ള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സര്‍വ്വാതെ നാളെ കൊച്ചിയിലെത്തും. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് കമ്പനികളുമായി സര്‍വ്വാതെ ഈ മാസം പതിനൊന്നിന് ചര്‍ച്ച നടത്തും. ഇതിനു ശേഷമാകും ഏതു കമ്പനികള്‍ക്ക് കരാര്‍ നല്‍കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍