അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സ്വകാര്യതയുടെ ലംഘനം: ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആദായനികുതി റിട്ടേണ്‍സ് വിവരങ്ങളും എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. പമ്പുകള്‍ നടത്തുന്നത് ബിനാമികളല്ലെന്ന് ഉറപ്പാക്കാന്‍ പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്. ഇടപാടുകാരനും ബാങ്കും തമ്മില്‍ വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാണുള്ളത്. ആദായനികുതി റിട്ടേണ്‍സ് രേഖകളും ഇതേ സ്വഭാവത്തിലുള്ളതാണ്. ഡീലര്‍ഷിപ്പിന്റെ വിവരങ്ങള്‍ മാത്രമായി ഇതില്‍നിന്നു വേര്‍തിരിച്ചു നല്‍കാനാവില്ല. ആ നിലയ്ക്ക് കരാറിന്റെ പേരില്‍ സ്വകാര്യതയെന്ന അവകാശം ലംഘിക്കാന്‍ കഴിയില്ല. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ബെഞ്ച് ഇത്തരത്തില്‍ ഓയില്‍ കമ്പനികള്‍ക്ക് ആവശ്യപ്പെടാന്‍ നിയമപരമായി അവകാശമുണ്ടോയെന്നു പരിശോധിച്ചില്ല. സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ തിരുവനന്തപുരത്തെ നാനോ ഫ്യുവല്‍സ് ഉള്‍പ്പെടെ 37 പേര്‍ നല്‍കിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍