ലോകകപ്പ് ലോഗോയ്ക്ക് വന്‍ സ്വീകാര്യത

 ദോഹ:കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ആശയസമ്പുഷ്ടമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു. അറേബ്യന്‍ സംസ്‌കാരവും പൈതൃകവും കായിക സംസ്‌കാരവുമായി സമന്വയിപ്പിച്ച് ഖത്തറുണ്ടാക്കിയ 2022 ലോക കപ്പ് ഫുട്‌ബോള്‍ ലോഗോയ്ക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഖത്തറിന്റെ ഐഡന്റിറ്റിയെ ലോക സംസ്‌കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ഖത്തര്‍ കായിക സാംസ്‌കാരിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പറഞ്ഞു. അഖില മേഖലകളിലും ഖത്തര്‍ കൈവരിച്ച നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോഗോയുടെ സ്വീകാര്യത തെളിയിക്കുന്നത്. അറേബ്യന്‍ സംസ്‌കാരത്തിന്റെ ചൈതന്യമാണ് ലോഗോയിലുള്ള അറബിക് കാലിഗ്രഫിയില്‍ പ്രതിഫലിക്കുന്നത്. ലോഗോയെ നെഞ്ചേറ്റിയ ലോകമെങ്ങുമുള്ള കായിക പ്രേമികളോട് അദ്ദേഹം നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍