ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വെബ്‌സൈറ്റുകള്‍ ഹാക്കിങിന് വഴിയൊരുക്കുന്നത്.ആപ്പിള്‍ അധികൃതരെ പ്രശ്‌നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്ട് സീറോയിലെ ഗവേഷര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്‌സൈറ്റുകള്‍ക്ക് സാധിക്കും. ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിച്ചിരുന്നു. വര്‍ഷങ്ങളായി ഈ വെബ്‌സൈറ്റുകള്‍ യാതൊരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു. അടുത്തിടെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ കണ്ടെത്തിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകളിലെത്തിയ സന്ദര്‍ശകരാണ് ഹാക്കിങിന് ഇരയായിരുന്നത്.ആഴ്ചയില്‍ ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിച്ചിരുന്ന വെബ്‌സൈറ്റുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും ഗൂഗിള്‍ ബ്ലോഗില്‍ പറഞ്ഞു. ഐഓഎസ് 10 മുതല്‍ ഏറ്റവും പുതിയ ഐഓഎസ് 12 വരെയുള്ള പതിപ്പുകളില്‍ കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഐഫോണ്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍ സംഘം നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിനുള്ള സൂചനയാണ് ഇത് എന്ന് പ്രൊജക്ട് സീറോയിലെ ഗവേഷകന്‍ ലാന്‍ ബീര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍