മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണം; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. 2006 ല്‍ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ (സിആര്‍ഇസഡ്) മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവില്‍ ഫ്‌ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സിആര്‍ സോണ്‍ രണ്ടിലാണെന്നും ഇവിടത്തെ നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്‌ളാറ്റുടമകളുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍