പ്രളയ അടിയന്തര ദുരിതാശ്വാസ വിതരണം വേഗത്തിലാക്കി; 47,980 കുടുംബങ്ങള്‍ക്ക് 10,000 രൂപ നല്‍കി

തിരുവനന്തപുരം: പ്രളയ ദുരന്ത ബാധിതര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസ വിതരണം വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 47,980 കുടുംബങ്ങള്‍ക്കുള്ള അടിയന്തര പ്രളയ ദുരിതാശ്വാസമായ 10,000 രൂപയുടെ വിതരണം പൂര്‍ത്തിയായി. ഇതുവരെ 47.98 കോടി രൂപയാണു വിതരണം നടത്തിയത്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന പ്രളയ ബാധിതരില്‍ 95 ശതമാനം കുടുംബങ്ങള്‍ക്കും അടിയന്തര ദുരിതാശ്വാസ വിതരണം പൂര്‍ത്തിയാക്കാനായി. ഇനി പ്രളയദുരന്തമുണ്ടായപ്പോള്‍ ക്യാമ്പുകളിലെത്താതെ ബന്ധു വീടുകളില്‍ അഭയം തേടിയവര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണമാണു പൂര്‍ത്തിയാക്കാനുള്ളത്. ഇവരുടെ വിവരങ്ങള്‍ അതതു വില്ലേജ് ഓഫീസര്‍മാരുടെയും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്. പരിശോധനാ നടപടികള്‍ വേഗത്തിലാക്കി ഓണത്തിനു മുമ്പ് ഇവര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണവും പൂര്‍ത്തിയാക്കാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നു മുതല്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാന്പുകളില്‍ ഇപ്പോഴും കഴിയുന്നവര്‍ക്കുള്ള ഓണക്കോടി വിതരണത്തിനുള്ള നടപടികളും പുരോഗമിച്ചുവരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കാണ് പാകത്തിനുള്ള ഓണക്കോടി നല്‍കുക. ക്യാമ്പുകളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ഓണനാളുകളില്‍ കലാപരിപാടികളും സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായ വിതരണം നടത്തിയത്. ഇവിടെ 16,226 കുടുംബങ്ങളിലായി 16.22 കോടി രൂപ വിതരണം നടത്തി.മലപ്പുറം ജില്ലയില്‍ 5454 കുടുംബങ്ങളിലായി 5.45 കോടി രൂപ നല്‍കി. വയനാട്ടില്‍ 2900 കുടുംബങ്ങള്‍ക്കായി 2.90 കോടി നല്‍കി. തൃശൂരില്‍ 7128 കുടുംബങ്ങള്‍ക്കായി 7.21 കോടിയും എറണാകുളത്ത് 3688 കുടുംബങ്ങളിലായി 3.68 കോടി രൂപയും വിതരണം നടത്തി. കണ്ണൂരില്‍ 1668 കുടുംബങ്ങളിലായി 1.66 കോടിയും പത്തനംതിട്ടയില്‍ 1552 കുടുംബങ്ങളിലായി 1.55 കോടിയും കോട്ടയത്ത് 4555 കുടുംബങ്ങള്‍ക്കായി 4.5 കോടിയും നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍