20 വിമത എം.എല്‍.എമാര്‍ ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് സൂചന

Latest News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി മറികടക്കാന്‍ വിമതരെ പിളര്‍ത്താനുള്ള നീക്കവുമായി ഉദ്ദവ് പക്ഷം. ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എം.എല്‍.എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഷിന്‍ഡെ ക്യാമ്പിലെത്തി. ഇതോടെ ഒമ്പത് മന്ത്രിമാര്‍ ഷിന്‍ഡേക്ക് ഒപ്പമായി. ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള അഞ്ചു മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉദ്ദവ് താക്കറെ നടപടികള്‍ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി വിമത പക്ഷത്തേക്ക് മാറിയത്. വൈകീട്ടോടെയാണ് ഉദ്ദവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയില്‍ എത്തിയത്. ഇതോടെ ഉദ്ദവ് പക്ഷത്തില്‍ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി.അതിനിടെ 15 വിമത എം.എല്‍. എ മാര്‍ക്ക് വൈപ്ലസ് കാറ്റഗറി സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തി. നാട്ടില്‍ എം.എല്‍.എമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിന്‍ഡെ വിമത എം.എല്‍.എമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.അസമിലെ വിവിധ ബി.ജെ.പി മന്ത്രിമാരും വിമതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. നാട്ടില്‍ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയിലെ ഹോട്ടലില്‍ തുടരുന്ന വിമത എം.എല്‍.എമാര്‍ ആശങ്കയിലാണ്. നിലനില്‍പ്പിനായുള്ള തീരുമാനമെടുക്കാന്‍ ഏകനാഥ് ഷിന്‍ഡെക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് വിമതര്‍.

Leave a Reply

Your email address will not be published. Required fields are marked *