ന്യൂഡല്‍ഹി: ഏദന്‍ ഉള്‍ക്കടലില്‍ കുടുങ്ങിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പലിലെ പാകിസ്താന്‍ സ്വദേശികളായ 18 ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി ഇന്ത്യന്‍ നാവികസേന.ഏദന്‍ ഉള്‍ക്കടലില്‍ വിന്യസിച്ച ഇന്ത്യയുടെ ഐഎന്‍എസ് ശിവാലിക് എന്ന നാവികസേന കപ്പലില്‍ ഇറാനിയന്‍ കപ്പലായ എഫ്.വി അല്‍ ആരിഫിയില്‍നിന്ന് അടിയന്തര മെഡിക്കല്‍ സഹായാഭ്യര്‍ഥന ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗം പ്രതികരിച്ച ശിവാലിക് ടീം ജീവനക്കാര്‍ക്ക് വിദഗ്ധ മെഡിക്കല്‍ സഹായവും മരുന്നുകളും നല്‍കിയതായി നാവികസേന വക്താവ് അറിയിച്ചു.ഇന്ത്യന്‍ നാവികസേനയുടെ ‘സാഗര്‍’ പദ്ധതിക്ക് കീഴില്‍ സമുദ്രമേഖലയിലെ സുരക്ഷാ ആവശ്യങ്ങള്‍ക്കായാണ് ഐ.എന്‍.എസ് ശിവാലികിനെ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.