തിരുവനന്തപുരം : ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ക്യാമ്പയിനിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ വീട്ടില്‍ പോയി കണ്ട് സൗജന്യ രോഗ നിര്‍ണയവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കുന്നു. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.പദ്ധതി ആരംഭിച്ചിട്ട് രണ്ടാഴ്ച കൊണ്ട് 74,628 പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്ക്രീനിംഗ് നടത്തി. അതില്‍ 18,424 പേരില്‍ ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 7,870 പേര്‍ക്ക് രക്താതിമര്‍ദ്ദവും 6,195 പേര്‍ക്ക് പ്രമേഹവും 2,318 പേര്‍ക്ക് ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1,200 പേരെ ക്ഷയരോഗത്തിനും 1,042 പേരെ ഗര്‍ഭാശയ കാന്‍സറിനും 6,039 പേരെ സ്തനാര്‍ബുദത്തിനും 434 പേരെ വദനാര്‍ബുദത്തിനും സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്.