മുണ്ടൂര്‍: പാലക്കാട് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.പരിശോധനക്കൊടുവില്‍ ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി. പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത് മൈലംപുള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 14 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.
ഞായറാഴ്ച ഹോട്ടലില്‍ നിന്ന് ഫ്രൈഡ് റൈസും കുഴിമന്തിയും മറ്റ് വിഭവങ്ങളും കഴിച്ചവരെ ശാരീരികാസ്വാസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ ഭക്ഷണത്തിന്‍റെ സാമ്ബിള്‍ പരിശോധനക്ക് ലഭ്യമാകാത്തതിനാല്‍ ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ വിഭവങ്ങള്‍ ഏതാണെന്നും കണ്ടെത്താനായിട്ടില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിവിട്ടവരെ വീണ്ടും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സജിത, അതുല്യ, അതിലേഷ്, കയറംകോട് സ്വദേശികളായ പ്രസീത, അഖില്‍, ആരവ്, ശ്രീജ, ആദിക്ഷേത്ര, നിവേദ്, കണ്ണന്‍ എന്നിവരാണ് മൈലംപുള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാലു പേരെ മുണ്ടൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്.