വിഴിഞ്ഞം: കേരളത്തിലെ 14 ജില്ലകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സീ ഫുഡ് റെസ്റ്റോറന്‍റുകള്‍ തുടങ്ങുമെന്നും ആദ്യഘട്ടമെന്ന നിലയില്‍ കോവളത്തും കൊല്ലത്തും സീ ഫുഡ് റെസ്റ്റോറന്‍റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കോവളത്തിനടുത്ത് ആഴാകുളത്ത് റെസ്റ്റോറന്‍റിനായി നിര്‍മ്മിക്കുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിലാകും റെസ്റ്റോറന്‍റുകള്‍ പ്രവര്‍ത്തിക്കുക.
വിഴിഞ്ഞത്തേക്ക് നല്‍കിയ പ്രതീക്ഷ എന്ന ആംബുലന്‍സിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങിയതായും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സീ ഫുഡ് റസ്റ്റോറന്‍റുകളുടെ നിര്‍മ്മാണത്തിന്‍റെ ചുമതലയുള്ള തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി ഷേക്ക് പരീത്, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ വിധുന്‍ ശേഖര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
