ന്യൂഡല്‍ഹി: 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി ദ്രൗപതിമുര്‍മു നിയമിച്ചു.
മഹാരാഷ്ട്രയില്‍ ഭഗത് സിംഗ് കോഷിയാരി രാജിവെച്ച ഒഴിവില്‍ രമേഷ് ബായിസിനെ പുതിയ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. വായനയ്ക്കും എഴുത്തിനും സമയം ചെലവഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു കോഷിയാരി രാജിവച്ചത്. ലഡാക്കിന്‍റെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാത്തൂരിന്‍റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. ലഫ്. ജനറല്‍ കൈവല്യ തിവിക്രം പര്‍നായിക്കാണ് അരുണാചല്‍ പ്രദേശിന്‍റെ പുതിയ ഗവര്‍ണര്‍. അരുണാചല്‍ പ്രദേശിന്‍റെ ഗവര്‍ണര്‍ ആയിരുന്ന ബ്രിഗേഡിയര്‍ ബി.ഡി. മിശ്രയാണ് ലഡാക്കിന്‍റെ പുതിയ ലഫ്. ഗവര്‍ണര്‍. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. സി.പി. രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായും ശിവ്പ്രസാദ് ശുക്ലയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായും നിയമിച്ചു.
ഗുലാബ്ചന്ദ് കട്ടാരിയ അസം ഗവര്‍ണറാകും. മുന്‍ സുപ്രീം കോടതി ജഡ്ജി എസ്.അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാകും. ബിശ്വാ ഭൂഷണ്‍ ഹരിചന്ദ്രന്‍ ഛത്തീസ്ഗഡ് ഗവര്‍ണറാകും. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യയെ മണിപ്പൂരിലേക്കാണ് മാറ്റിയത്. മണിപ്പൂര്‍ ഗവര്‍ണറായിരുന്ന ലാ ഗണേശന്‍ നാഗാലാന്‍ഡ് ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ഫാഗുചൗഹാന്‍ മേഘാലയ ഗവര്‍ണറാകും. ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും.
