11 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും മകളെയും കാമുകന്‍ കടലില്‍ തള്ളി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

Latest News

തിരുവനന്തപുരം: 11 വര്‍ഷം മുമ്പ് തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും രണ്ടര വയസ്സുകാരിയായ മകളെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. പിറകില്‍നിന്ന് കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്ന ഇയാളുടെ ഭാര്യ റുഖിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്‍റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14ന് വിദ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്ന് മാഹിന്‍കണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തര്‍ക്കമായി. 2011 ആഗസ്ത് 18ന് വൈകീട്ട് വിദ്യയെയും മകളെയും കൊണ്ട് മാഹിന്‍കണ്ണ് ബൈക്കില്‍ പോയിരുന്നു. അതിന് ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല.
കാണാതായി നാലാം ദിവസം വിദ്യയുടെ മാതാപിതാക്കള്‍ മാറനെല്ലൂര്‍ പൊലീസിലും പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിന്‍ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിന്‍ കണ്ണ് വര്‍ഷങ്ങള്‍ക്കിപ്പുറവും പൂവാറില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോള്‍ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *