ശീലങ്കയില്‍ പ്രതിസന്ധി വഷളാകുന്നു

Gulf

പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയ 45 പേര്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. വലിയ ക്രമസമാധാന പ്രശ്നമായി വിലക്കയറ്റവും ക്ഷാമവും വളര്‍ന്നുകഴിഞ്ഞു.
ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെയുടെ വസതിക്കു വളഞ്ഞു നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെത്തുര്‍ന്നു കൊളംബോയുടെ പല ഭാഗത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രകടനത്തില്‍ പങ്കെടുത്ത 45 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ഫ്യു പുലര്‍ച്ചെ അഞ്ചോടെ പിന്‍വലിച്ചു.
പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്കു തീയിട്ടു. അക്രമത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റു, പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബോ നോര്‍ത്ത്, സൗത്ത്, കൊളംബോ സെന്‍ട്രല്‍, നുഗെഗോഡ, മൗണ്ട് ലാവിനിയ, കെലാനിയ എന്നീ പോലീസ് ഡിവിഷനുകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ഇന്നലെ തലസ്ഥാനത്തു ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോകളില്‍ പുരുഷന്മാരും സ്ത്രീകളും ആക്രോശിച്ചുകൊണ്ടു രാജപക്സെയുടെ വീട്ടിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു. രാജപക്സെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഭരണതലങ്ങളില്‍നിന്നു രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്ബത്തിക മാന്ദ്യവുമായി രാജ്യം വലയുമ്പോള്‍ ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്.ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള വിദേശ കറന്‍സി ക്ഷാമം കാരണം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 13 മണിക്കൂര്‍ വരെ വൈദ്യുതി മുടക്കമാണ്. കോവിഡും സര്‍ക്കാരിന്‍റെ മോശം തീരുമാനങ്ങളുമാണ് ശ്രീലങ്കയെ പ്രതിസന്ധിയുടെ പടുകുഴിയില്‍ എത്തിച്ചത്. രണ്ടു വര്‍ഷത്തിനിടെ വിദേശനാണ്യ കരുതല്‍ ശേഖരം 70 ശതമാനം കുറഞ്ഞതോടെയാണ് പ്രതിസന്ധി വഷളായത്.അന്താരാഷ്ട്ര നാണയ നിധിയില്‍നിന്ന് (ഐഎംഎഫ്) സഹായം തേടുകയാണെന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ ധനമന്ത്രിയുമായി ഇത്തരം ചര്‍ച്ചകള്‍ തുടരുമെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് ഇന്നലെ സ്ഥിരീകരിച്ചു. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ വായ്പകള്‍ ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ സഹായം എത്തിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *