വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

Kerala

കൊച്ചി: കേരളത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോയുടെ എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേകോട്ട വരെയുള്ള ഘട്ടത്തിന്‍റെ ( ഫെയ്സ് 1 എ) ഉദ്ഘാടനം,കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാംഘട്ടം ശിലാന്യാസം, റെയില്‍വേയുടെ കുറുപ്പന്തറ -കോട്ടയം- ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം- പുനലൂര്‍ സിംഗിള്‍ലൈന്‍ വൈദ്യുതീകരണം ഉദ്ഘാടനം, എറണാകുളം സൗത്ത്,നോര്‍ത്ത്,കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തി ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. കൊച്ചി മെട്രോ ഫേസ് 1 എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ച് വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിനുവേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കും.
മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നല്‍കും.ഗതാഗതക്കുരുക്കും മലീനീകരണവും കുറയും. കോട്ടയം ഇരട്ടപ്പാത വികസനം കേരളത്തിന്‍റെ റെയില്‍വേ വികസനത്തിലെ നാഴികകല്ലാകും. ശബരിമല തീര്‍ത്ഥാടകര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന മേഖലയില്‍ കേരളത്തിന്‍റെ പുരോഗതിയെകുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നടപടി വേണമെന്നാവശ്യം വേദിയില്‍ വെച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഉന്നയിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും സഹകരണത്തിന് മികച്ച ഉദാഹരണമാണ് എന്‍. എച്ച് -66 നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പദ്ധതി എത്രയും പെട്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രിമാരായ പി.രാജീവ് ആന്‍റണി രാജു,ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ കെ.ബാബു,അന്‍വര്‍ സാദത്ത്, ഉമാതോമസ്,കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോകനാഥ് ബഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *