വാക്സിന്‍ ക്ഷാമം ഇല്ല; ഇന്ത്യ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ വാങ്ങിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

Top News

ന്യൂഡല്‍ഹി : ഫൈസര്‍, മൊഡേണ കോവിഡ് വാക്സീനുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ താങ്ങാവുന്നതും സംഭരിക്കാന്‍ എളുപ്പമുള്ളതുമായ വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് തിരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാക്സിന്‍ ഡോസുകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നിയമ പരിരക്ഷ നല്‍കണമെന്ന ഫൈസറിന്‍റെ ആവശ്യം അംഗീകരിക്കാനകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഒരു കമ്പനിക്കും ഇത്തരത്തിലുള്ള സംരക്ഷണം ലഭിച്ചിട്ടില്ല.
നേരത്തേ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാക്സിന്‍ ആവശ്യമായിരുന്നു. ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം അനുഭവപ്പെട്ട സമയവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ആവശ്യമില്ല. മാത്രമല്ല അവരുടെ വാക്സിനുകള്‍ക്ക് കൂടിയ പണം നല്‍കേണ്ടി വരും. എന്തിനാണ് നമ്മള്‍ അത്രയും തുകയ്ക്ക് വാക്സിന്‍ വാങ്ങുന്നത്. എന്തിനാണ് നമ്മള്‍ അവരുടെ ഉപാധികള്‍ അംഗീകരിക്കുന്നത് ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു. ഫൈസര്‍, മോഡേണ വാക്സിനുകള്‍ സര്‍ക്കാര്‍ വാങ്ങില്ല. ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സിന് ശേഷം അവര്‍ക്ക് സ്വകാര്യ ടൈഅപ്പുകള്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വാക്സിന്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഫൈസര്‍ വക്താവ് പ്രതികരിച്ചു.
മൊഡേണ വാക്സീന് നിലവില്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ സിപ്ല എന്ന കമ്പനിയാണ് മൊഡേണ വാക്സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മൊഡേണയ്ക്കും ഫൈസറിനും അള്‍ട്രാ കോള്‍ഡ് സ്റ്റോറേജ് ആവശ്യമാണ് . ഇന്ത്യയിലാകട്ടെ ഭൂരിഭാഗം ഇടങ്ങളിലും അതിനുള്ള സൗകര്യം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *