യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം മരിച്ച ഇന്‍ഡ്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

Top News

ഒടാവ: യുഎസ്കാനഡ അതിര്‍ത്തിക്ക് സമീപം തണുത്ത് മരവിച്ച് മരിച്ച ദമ്ബതികളും അവരുടെ രണ്ട് കുട്ടികളും അടങ്ങുന്ന ഇന്‍ഡ്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു.ഗാന്ധിനഗറിലെ കലോല്‍ തഹസില്‍ ഡിങ്കുച ഗ്രാമത്തിലെ താമസക്കാരാണെന്ന് മരിച്ചവരെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍ ഇന്ന് രാവിലെ അറിയിച്ചു.
ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി പട്ടേല്‍ (37) ഇവരുടെ മകള്‍ വിഹാംഗി പട്ടേല്‍ (11), മകന്‍ ധാര്‍മിക് പട്ടേല്‍ (3) എന്നിവരെ തിരിച്ചറിഞ്ഞതായി ഒടാവയിലെ ഇന്‍ഡ്യന്‍ ഹൈകമീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനുവരി 19 ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ വച്ച് കുടുംബം മരവിച്ച് മരിച്ചത്.സന്ദര്‍ശക വിസയില്‍ കുടുംബം രണ്ടാഴ്ച മുമ്ബ് കാനഡയിലേക്ക് പോയതായി അധികൃതര്‍ പറയുന്നു. മരിച്ച നാലുപേരും ഇന്‍ഡ്യന്‍ പൗരന്മാരാണെന്ന് കനേഡിയന്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനുള്ള തൊഴിലവസരങ്ങളില്ലാത്തത് കൊണ്ടാണ് ഡിങ്കുച ഗ്രാമത്തിലുള്ളവര്‍ യുഎസിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും കുടിയേറുന്നത്. അതിന് ചിലര്‍ നിയമവിരുദ്ധമായ വഴിയും തേടും, അവരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്യും. ഡിങ്കുചയില്‍ നിന്നുള്ള ധാരാളം ആളുകള്‍ വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്, പ്രധാനമായും യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ എന്നും പ്രദേശവാസികള്‍ പറയുന്നു.അഹ് മദാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ഇവിടെ അവസരങ്ങളുടെ അഭാവമാണ് ആളുകളെ വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. ആളുകള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ശമ്ബളം ഗുജറാതില്‍ ലഭിക്കുന്നില്ല, അതിനാല്‍ അവര്‍ വിദേശത്ത് പോയി കൂടുതല്‍ സമ്ബാദിച്ചുകൂടാ എന്ന് ചിന്തിക്കുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *