പിണറായി വിജയന്‍ – ബൊമ്മെ കൂടിക്കാഴ്ച: സില്‍വര്‍ ലൈന്‍ ചര്‍ച്ചയായില്ല

Latest News

മൈസൂര്‍ -മലപ്പുറം ദേശീയപാതയ്ക്ക് തത്വത്തില്‍ ധാരണയായി

ബംഗലൂരു:കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചര്‍ച്ചയാകാതിരുന്നത്. മൈസൂര്‍ -മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തില്‍ അംഗീകാരമായി.
ഇന്നലെ രാവിലെ 9.30ന് ബെംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. സില്‍വര്‍ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ കേരളവും കര്‍ണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം.
നിലമ്പൂര്‍ – നഞ്ചന്‍കോട് ,തലശ്ശേരി – മൈസൂര്‍ , കാസര്‍കോട് ദക്ഷിണ കന്നഡ റയില്‍ ലൈന്‍ എന്നിവയടക്കമുള്ള. പദ്ധതികള്‍ക്കെല്ലാം കര്‍ണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.
എന്‍. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍ മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്‍റുകള്‍ നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും. വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *