തഞ്ചാവൂരില്‍ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

Kerala

ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തമുണ്ടായത്.രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്.തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെന്‍ഷന്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ രഥത്തിന്‍റെ മുകള്‍ഭാഗം തട്ടുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടില്‍ അപ്പാര്‍ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം.രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനില്‍ മുട്ടിയപ്പോള്‍ പിന്നിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങള്‍ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു. വൈദ്യുതാഘാതത്തില്‍ രഥത്തില്‍ നിന്നിരുന്നവര്‍ തെറിച്ചുവീണു.10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ മരിച്ചവര്‍ മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാര്‍ (14), സ്വാമിനാഥന്‍ (56), മറ്റ് രണ്ടുപേര്‍. വൈദ്യുതാഘാതത്തില്‍ രഥം പൂര്‍ണമായി തീപിടിച്ചു തകര്‍ന്നു.അഗ്നിശമന സേനാംഗങ്ങളും ജില്ലാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കാണാന്‍ മുഖ്യമന്ത്രി ഇന്നു തഞ്ചാവൂരില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *