കോവാക്സിന് അംഗീകാരം വൈകും

Kerala

കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വീണ്ടും വൈകിയേക്കും. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ തേടിയതോടെയാണ് അനുമതി വൈകുന്നത് . അംഗീകാരം വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.ഡബ്ല്യൂഎച്ച്ഒയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്സിന്‍ വിവിധ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭികാനാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന
കമ്പനിയോട് ആരാഞ്ഞിട്ടുള്ളത്.ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്നാണ് കോവാക്സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. അതെ സമയം ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നല്ല. മൂന്നാംഘട്ടപരീക്ഷണത്തില്‍ കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *