കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 2,608 കോടി രൂപയുടെ ഭരണാനുമതി

Top News

തിരുവനന്തപുരം: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതിയായി.പദ്ധതിക്കാവശ്യമായ 2185 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് ഈ തുക ചിലവഴിക്കുകയെന്ന് വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ഇതില്‍ 850 കോടി രൂപ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയാണ്. കിന്‍ഫ്രയായിരിക്കും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.
കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എന്ന എസ്പിവി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. പാലക്കാട്, കൊച്ചി എന്നീ രണ്ട് വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിന്‍റെ ഭാഗമായി ചെയ്യുക. ഭക്ഷ്യ സംസ്കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പാലക്കാട് ഉയര്‍ന്നു വരും. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഈ ഇടനാഴിയുടെ ഭാഗമായി കേരളത്തില്‍ സ്ഥാപിക്കുന്നുണ്ട്. കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം ജില്ലയിലെ അയ്യമ്ബുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും.
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുമ്ബോള്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലും ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *