ഇസ്രായേലില്‍ കര്‍ഷകനെ കാണാതായ സംഭവം ; ഇന്ത്യന്‍ എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കി

Top News

തിരുവനന്തപുരം: കൃഷി പഠനത്തിന് ഇസ്രായേലില്‍ എത്തിയ ശേഷം കാണാതായ മലയാളി കര്‍ഷകന്‍ ബിജു കുര്യനെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍.ഇക്കാര്യം ആവശ്യപ്പെട്ട് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. കൂടാതെ, ബിജു കുര്യന്‍റെ വിസ റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.ഫെബ്രുവരി 12നാണ് ആധുനിക കൃഷി പരിശീലനത്തിന് 27 കര്‍ഷകരെ സംസ്ഥാന കൃഷി വകുപ്പ് മുന്‍കൈ എടുത്ത് ഇസ്രായേലിലേക്ക് അയച്ചത്. ഈ സംഘത്തിലെ അംഗമായ ബിജുവിനെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തലേദിവസമായ 17നാണ് കാണാതായത്.
രാത്രി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷം ബിജുവിനെ കാണാതായെന്നാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് അറിയിച്ചത്. ഹോട്ടലില്‍ പോകാനായി താമസസ്ഥലത്ത് പ്രത്യേക ബസ് തയാറാക്കി നിര്‍ത്തിയിരുന്നു. ഈ സമയത്ത് ബിജു സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ബസ് പുറപ്പെടുന്ന സമയത്താണ് ബിജു കാണാതായത്.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിച്ച ബാഗുമായാണ് ബിജു കടന്നുകളഞ്ഞത്. തുടര്‍ന്ന് വിവരം കൈമാറിയത് പ്രകാരം ഇസ്രായേല്‍ പൊലീസ് സി.സി ടിവി പരിശോധിച്ചെങ്കിലും ബിജുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. താന്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കി ബിജു കുര്യന്‍ ഭാര്യക്ക് മെസേജ് അയച്ചതായി പിന്നീട് അറിഞ്ഞു.
ഇതോടെയാണ് ബിജുവിനെ ഇസ്രായേലില്‍ കാണാതായതല്ലെന്നും ബോധപൂര്‍വം മുങ്ങിയതാണെന്നും കൃഷി മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചത്. ബിജുവിനെതിരെ നിയമനടപടി ആലോചിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *