അഗ്നിപഥ് റിക്രൂട്ട്മെന്‍റ് തീയതികള്‍ പ്രഖ്യാപിച്ചു

Kerala

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്‍റ് തീയതികള്‍ പ്രഖ്യാപിച്ചു. കരസേനയില്‍ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്ന് ഇറങ്ങും. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ പുരിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമസേനയില്‍ രജിസ്ട്രേഷന്‍ 24ന് ആരംഭിക്കും. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബര്‍ 30 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.അഗ്നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കുമെന്ന് നാവികസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനിതകളെ സെയിലര്‍മാരായി നിയമിക്കുമെന്നാണ് അറിയിപ്പ്.. അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണ്. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനില്‍പുരി വ്യക്തമാക്കി.സേനയുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചര്‍ച്ചയല്ല. കാര്‍ഗില്‍ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചര്‍ച്ചയാണിത്. ജനറല്‍ ബിപിന്‍ റാവത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം തയാറാക്കിയതാണ് പദ്ധതി.നിലവില്‍ 14,000 പേര്‍ കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറഞ്ഞു.അക്രമങ്ങളില്‍ പങ്കുള്ളവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാവില്ല. പ്രതിഷേധങ്ങള്‍ നിറുത്തി റിക്രൂട്ട്മെന്‍റിന് തയാറെടുക്കണമെന്ന് അനില്‍ പുരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *