തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ നടപടിയില്‍ നേരിയ ഇളവ്.ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 16 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനായി തിരക്കേറിയത് മൂലം സമയ പരിധി നീട്ടണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരും. 15-ാം തീയതിയ്ക്ക് ശേഷം മാത്രമായിരിക്കും സ്ഥാപനത്തിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡിന്‍റെ അഭാവത്തില്‍ നടപടി സ്വീകരിക്കുക.ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കുമാണ് ഹെല്‍ത്ത് കാര്‍ഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ത്വക്ക് രോഗങ്ങള്‍, കാഴ്ച ശക്തി, ശരീരത്തിലെ വൃണം, മുറിവ് എന്നിവയില്‍ പരിശോധന നടത്തണം. വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും നോക്കും, പകര്‍ച്ചവ്യാധികള്‍ക്കായി രക്തപരിശോധനയും നടത്തേണ്ടതുണ്ട്. ഡോക്ടറുടെ സീലും ഒപ്പും അടങ്ങുന്ന ഹെല്‍ത്ത് കാര്‍ഡിന് ഒരു വര്‍ഷമായിരിക്കും കാലാവധി. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് സ്ഥാപനത്തില്‍ സൂക്ഷിക്കണം.
അതേസമയം നാളെ മുതല്‍ പാഴ്സലുകളില്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ മുന്നറിയിപ്പോടു കൂടിയ സ്റ്റിക്കറോ നിര്‍ബന്ധമാണ്. മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്സലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. അതില്‍ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം.