ബെയ്ജിംഗ്: ഹോങ്കോംഗിലെ പാര്‍ലമെന്ററി ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കു സമ്പൂര്‍ണ കൂച്ചുവിലങ്ങിട്ട് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം.
ഹോങ്കോംഗ് പാര്‍ലമെന്റായ ലെജിസ്ലേറ്റീവ് കൗണ്‍സിലെ സീറ്റുകളുടെ എണ്ണം 70ല്‍നിന്ന് 90 ആയി ഉയര്‍ത്തി. ഇതില്‍ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം 20 ആയി കുറച്ചു. മുമ്പ് ഇത് 35 ആയിരുന്നു. അവശേഷിക്കുന്ന സീറ്റുകളില്‍ 40 പേരെ തെരഞ്ഞെടുക്കുന്നത് ചൈനാ അനുകൂലികള്‍ മാത്രം ഉള്‍പ്പെട്ട ഇലക്ഷന് കമ്മിറ്റി എന്ന ഇലക്ടറല്‍ കോളജ് ആയിരിക്കും. വിവിധ രംഗങ്ങളില്‍നിന്നുള്ള പ്രഫഷണലുകള്‍ അടക്കമുള്ളവര്‍ക്കായിരിക്കും ബാക്കിയുള്ള 30 സീറ്റുകള്‍.
സ്ഥാനാര്‍ഥികളുടെ യോഗ്യത പരിശോധിക്കാനായി ഒരു പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. ചൈനീസ് സര്‍ക്കാര്‍ പറയുന്നതുപോലെ ‘രാജ്യസ്നേഹികള്‍’ മാത്രമേ ഹോങ്കോംഗ് നിയമസഭയിലെത്തുന്നുള്ളൂ എന്ന് ഈ കമ്മിറ്റി ഉറപ്പുവരുത്തും.ഇതിനായി ഹോങ്കോംഗുകാര്ക്കു പ്രത്യേകമുള്ള മിനി ഭരണഘടനയായ ബേസിക് ലോയുടെ അനുബന്ധത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള തീരുമാനം ചൈനയിലെ റബര്‍ സ്റ്റാമ്പ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്നലെ അംഗീകരിച്ചു.
ചൈനീസ് സ്വയംഭരണ പ്രവിശ്യയെങ്കിലും ഹോങ്കോംഗുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇതോടെ പരിമിതമാകും. ഹോങ്കോംഗിലെ ചൈനാവിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ സുരക്ഷാ നിയമം കഴിഞ്ഞവര്‍ഷം നടപ്പാക്കിയിരുന്നു. പുതിയ നിയമപ്രകാരമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കും.ചൈനയുടെ നടപടി ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.