ഹൈദരലി ശിഹാബ് തങ്ങള്‍ യാത്രയായി

Kerala

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഇന്ന് പുലര്‍ച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ നടന്നു.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി ജനങ്ങള്‍ ഒഴുകിയെത്തിയതോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് ഖബറടക്കം നേരത്തെയാക്കുകയായിരുന്നു. ഏറെനേരം മൃതദേഹം വച്ചിരിക്കാന്‍ സാധിക്കാത്തതിനാലാണ് ഖബറടക്കം നേരത്തെയാക്കിയതെന്ന് സാദഖലി തങ്ങള്‍ അറിയിച്ചു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മയ്യത്ത് നമസ്കാര ചടങ്ങുകള്‍ നടന്നു. 3.15ഓടെ മലപ്പുറം ടൗണ്‍ ഹാളില്‍ ആരംഭിച്ച പൊതുദര്‍ശനം രാത്രി 12.30ഓടെ അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍, സമൂഹത്തിലെ വിവിധ തുറകളില്‍പെട്ട പ്രമുഖര്‍ എന്നിവര്‍ തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സമസ്ത വൈസ് പ്രസിഡന്‍റും ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു ഹൈദരലി തങ്ങള്‍. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ 1.40നായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ഫാത്തിമ സുഹ്റ ബീവിയും മക്കളും സമീപത്തുണ്ടായിരുന്നു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ പ്രവര്‍ത്തനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.രാഷ്ട്രീയപരമായി വ്യത്യസ്ത ധ്രുവത്തിലെങ്കിലും വ്യക്തിപരമായ അടുപ്പം എന്നും സൂക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി ഓര്‍ത്തു.രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഹൈദരലി തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്മരിച്ചു. യുഡിഎഫ് രാഷ്ട്രീയത്തെ എന്നും മുന്നില്‍ നിന്ന് നയിച്ചയാളാണ്. തീരാനഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും വി.ഡി സതീശന്‍ പറഞ്ഞു.വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് തങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണി ഓര്‍മ്മിച്ചു. മതേതരത്വത്തിനും മതമൈത്രിയ്ക്കും വേണ്ടി നിലകൊണ്ടയാളാണ് ഹൈദരലി തങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗിന് മാത്രമല്ല എല്ലാവര്‍ക്കും തണലായിരുന്നു ഹൈദരലി തങ്ങളെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുസ്മരിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് വലിയ നഷ്ടമാണ് തങ്ങളുടെ നിര്യാണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *