കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹം തള്ളി ആന്‍റണി
ന്യൂഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്‍റണി. ഡല്‍ഹിയില്‍ എത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പല കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഡല്‍ഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചു. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ണായക നീക്കം. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്‍റണിയെ സോണിയ ഗാന്ധി വിളിപ്പിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്‍റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എകെ ആന്‍റണിയെ ഡല്‍ഹിയിലെത്തിച്ച്, സമവായ നീക്കമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നത്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സര സാധ്യത തള്ളാതെയായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്‍റെ പ്രതികരണം. താങ്കള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 30 വരെ കാത്തിരിക്കണമെന്നായിരുന്നു ദിഗ് വിജയ് സിംഗിന്‍റെ മറുപടി.
അതിനിടെ, അശോക് ഗലോട്ട് സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരുടെ നീക്കം തന്‍റെ അറിവോടെയല്ലെന്ന് അശോക് ഗലോട്ട് അറിയിച്ചു എന്നാണ് വിവരം. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്