റാഞ്ചി: ഭൂമി കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്ത ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവുമായ ഹേമന്ത് സോറന്‍ രാജിവെച്ചു.
ഇന്നലെ ആറ് മണിക്കൂറിലേറെ ഹേമന്ത് സോറനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സോറന്‍റെ വിശ്വസ്തനായ മന്ത്രി ചംപായ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
ഇ.ഡി കസ്റ്റഡിയിലിരിക്കെ ഉദ്യോഗസ്ഥരോടൊപ്പമെത്തി ഗവര്‍ണറെ കണ്ടാണ് ഇന്നലെ ഹേമന്ത് സോറന്‍ രാജിക്കത്ത് നല്‍കിയത്. ചംപായ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജെ.എം.എം അറിയിച്ചു. ചംപായ് സോറനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. അട്ടിമറി ഒഴിവാക്കാന്‍ എം.എല്‍.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമന്‍സും അവഗണിച്ച ശേഷമാണ് സോറന്‍ 20ന് ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 48 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സോറന്‍ റാഞ്ചിയില്‍ എത്തുകയായിരുന്നു.