പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്‍റ് ജൊവെനേല്‍ മോയ്സിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായവരില്‍ രണ്ട് അമേരിക്കക്കാരും. ജെയിംസ് സൊലാഗെസ്, ജോസഫ് വിന്‍സെന്‍റ് എന്നീ അമേരിക്കക്കാര്‍ക്ക് ആക്രമണത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു. പ്രതിചേര്‍ത്ത മറ്റ് 26 പേര്‍ കൊളംബിയക്കാരാണ്. 17 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ആരോപിതരില്‍ ആറു പേര്‍ നേരത്തെ കൊളംബിയന്‍ സേനയില്‍ പ്രവര്‍ത്തിച്ചവരാണെന്ന് അതേ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിട്ട. കൊളംബിയന്‍ സൈനികരെ വെടിവെച്ച് കൊന്നിരുന്നു.വിദേശികള്‍ എന്തിനാകും ആക്രമണം നടത്തിയതെന്ന സംശയത്തിന് ഉത്തരം തേടുകയാണ് അന്വേഷണ സംഘം. ഹെയ്തിയില്‍നിന്നുള്ളവര്‍ സഹായം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ വിദേശികളെ ഉപയോഗപ്പെടുത്തിയതാകുമോ എന്ന സംശയവും നിലനില്‍ക്കുകയാണ്.
കടുത്ത ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യത്ത് ആഴ്ചകള്‍ക്കിടെ സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് മോയ്സിന്‍റെ കൊലപാതകം. വധത്തോടെ രാജ്യത്ത് ഭരണമില്ലാത്ത സാഹചര്യമുണ്ട്. പാര്‍ലമെന്‍റ് ഒരു വര്‍ഷമായി അപ്രഖ്യാപിത അവധിയിലാണ്. പ്രധാനമന്ത്രി പദം അവകാശപ്പെട്ട് രണ്ടു പേര്‍ രംഗത്തുള്ളത് സ്ഥിതി ഗുരുതരമാക്കി.പ്രസിഡന്‍റ് വധിക്കപ്പെടുന്ന സാഹചര്യത്തില്‍ താത്കാലികമായി ചുമതല ലഭിക്കേണ്ടത് സുപ്രീം കോടതി പ്രസിഡന്‍റിനാണെങ്കിലും അദ്ദേഹവും അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.