യുനൈറ്റഡ് നേഷന്‍സ്: ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി.15 അംഗ രക്ഷാസമിതിയില്‍ അല്‍ജീരിയ, ചൈന, മൊസാംബീക്, റഷ്യ എന്നിവ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
അമേരിക്കയും ജപ്പാനും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ 11 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്ത് വോട്ടുചെയ്തില്ല. റഷ്യ ഭേദഗതി നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഗസ്സയില്‍ 23000ത്തിലേറെ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ മറന്നുള്ള പ്രമേയത്തോടൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് അല്‍ജീരിയന്‍ അംബാസഡര്‍ അമര്‍ ബിന്‍ത്ജമ പറഞ്ഞു.
ആഗോള വ്യാപാരത്തെ ബാധിക്കുന്ന ആക്രമണം ഹൂതികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ നയതന്ത്ര ശ്രമം തുടരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.