സിംല: ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണം ഒക്ടോബര്‍ 10ന് ആരംഭിക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന റാലിയോടെയാണ് പ്രചാരണം ആരംഭിക്കുന്നത്. സോളനിലാണ് റാലി നടക്കുന്നത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരിക്കും ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക.സംസ്ഥാനത്തെ കോണ്‍ഗ്രസ് അതികായനായിരുന്ന വീര്‍ഭദ്ര സിങ് ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറി വരുന്ന സംസ്ഥാനത്തിന്‍റെ ശൈലി ഇക്കുറിയും ആവര്‍ത്തിക്കുമെന്നും അവര്‍ കരുതുന്നു. വീര്‍ഭദ്ര സിങിന്‍റെ ഭാര്യയും എംപിയുമായ പ്രതിഭ സിങാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ.കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ചിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്. അഴിമതി, തൊഴിലില്ലായ്മ, സര്‍ക്കാരിന്‍റെ മോശം പ്രകടനം എന്നിവയായിരിക്കും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങളെന്ന് എഐസിസി വക്താവ് അല്‍ക്ക ലാംബ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അല്‍ക്ക ലാംബ പറഞ്ഞു.