ഹിജാബ് : കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് അമിത് ഷാ

Latest News

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിവാദത്തില്‍ ആദ്യമായാണ് മോദി മന്ത്രിസഭയില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പ്രതികരിക്കുന്നത്.കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.’എല്ലാ മതവിഭാഗങ്ങളും സ്കൂളുകളിലെ ഡ്രസ് കോഡ് പാലിക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരും കോടതി വിധി അനുസരിക്കണം.’ അമിത് ഷാ പറഞ്ഞു. ഹിജാബ് വിലക്കിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈകോടതി വാദം തുടരുന്നതിനിടെയാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് എല്ലാ വിദ്യാര്‍ഥികളും പാലിക്കണം എന്ന് കര്‍ണാടകയില്‍ നിന്നുള്ള എം.പി പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. അതേസമയം, ഹിജാബ് വിലക്കിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈകോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ആറാം ദിവസമാണ് ഹരജിയില്‍ വാദം നടക്കുന്നത്. ഇന്നും സര്‍ക്കാറിന്‍റെ വാദമാണ് കോടതിയില്‍ നടക്കുക. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഹരജികള്‍ വിശാല ബെഞ്ചിന് മുന്നില്‍ എത്തിയിട്ടുണ്ട്. വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *