ഹാരീസ് ബീരാന്‍, ജോസ്.കെ. മാണി, പി.പി.സുനീര്‍ എതിരില്ലാതെ രാജ്യസഭയില്‍

Latest News

തിരുവനന്തപുരം: ഹാരീസ് ബീരാന്‍ (മുസ്ലീം ലീഗ്) ജോസ്.കെ. മാണി(കേരളാ കോണ്‍ഗ്രസ് എം) പി.പി. സുനീര്‍ (സി.പി.ഐ) എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് അവസാനിച്ചതോടെ മൂന്നു സീറ്റുകളിലും മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മൂവരെയും വിജയികളായി വരണാധികാരിയായ നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബി പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ കെ.പത്മരാജന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. 25 നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. ഡല്‍ഹി ഘടകം പ്രസിഡന്‍റുമായ അഡ്വ. ഹാരിസ് ബീരാന്‍ യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പരിസ്ഥിതിമന്ത്രാലയത്തിന്‍റെയും അഭിഭാഷകനായിരുന്നു. ഇതോടെ പി.വി. അബ്ദുല്‍ വഹാബിനുപുറമേ മുസ്ലിംലീഗിന് ഒരു രാജ്യസഭാംഗത്തെ കൂടി ലഭിച്ചിരിക്കുകയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ തീരുമാനമായതോടെയാണ് ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പൊന്നാനി സ്വദേശിയായ സുനീര്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയാണ്. സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *