തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറ്റില്‍ കുടങ്ങിയ ഹര്‍ഷിനയുടെ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹര്‍ഷിന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു.ഹര്‍ഷിനക്ക് 50ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമോയെന്നായിരുന്നു കെ.കെ. രമ എംഎല്‍എയുടെ ചോദ്യം.സമരപ്പന്തലില്‍ ഹര്‍ഷിനയെ ഇരുത്തുന്നത് സര്‍ക്കാരിന് അപമാനമാണെന്ന് പറഞ്ഞ വി.ഡി. സതീശന്‍ വിഷയം മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും സംസാരിക്കുമെന്നും വ്യക്തമാക്കി. ഡോക്ടര്‍മാരുടെ അനാസ്ഥ കൊണ്ടാണ് കത്രികവയറ്റില്‍ കുടുങ്ങിയതെന്ന് ചൂണ്ടിക്കാണിച്ച വി.ഡി.സതീശന്‍ ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ സംഭവിക്കരുതെന്നും പറഞ്ഞു. വീഴ്ച ചൂണ്ടിക്കാണിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഹര്‍ഷിനക്ക് നഷ്ടപരിഹാരമായി 50ലക്ഷം രൂപകൊടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ഷിനയുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. നഷ്ടപരിഹാരം വേണമെന്ന ഹര്‍ഷിനയുടെ ആവശ്യത്തോട് യോജിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് രണ്ട് ലക്ഷം രൂപമാത്രമാണ്. ആ തുക ഹര്‍ഷിന തിരികെ നല്‍കണം. സര്‍ക്കാരിന്‍റെ ഖജനാവ് കാലിയാണ്.രമേശ് ചെന്നിത്തല പറഞ്ഞു.
ഹര്‍ഷിനയ്ക്ക് നീതി കിട്ടണം എന്നാണ് നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി.