ചണ്ഡീഗഢ്: ഹരിയാണയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായജെ.ജെ.പി(ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്നമനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.
സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.
അതേസമയം ദുഷ്യന്തിന്‍റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്‍റെ കാലാവധി.