ചണ്ഢിഗഡ്: ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിങ് ഹൂഡ.ഇന്ന് രാജ് ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്.
ഭുപീന്ദര്‍ സിങ് ഹൂഡക്കൊപ്പം കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവ് അഫ്താഫ് അഹ്മദും കോണ്‍ഗ്രസ് ചീഫ് വിപ്പ് ബി.ബി. ബത്രയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.കഴിഞ്ഞ ദിവസം മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണപ്രതിസന്ധി നേരിട്ടത്. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.
മൂന്ന് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എന്‍.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേര്‍ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സര്‍ക്കാറിന് നഷ്ടമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് 34 പേരുടെ പിന്തുണയായി.