ഹരിതകര്‍മ്മ സേന: നുണപ്രചാരണം നടത്തിയാല്‍ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Top News

തിരുവനന്തപുരം : ഹരിതകര്‍മ്മ സേനക്കെതിരെ തെറ്റായ വാര്‍ത്തകളും നുണപ്രചാരണവും നിരന്തരം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഹരിതകര്‍മ്മ സേനയുടെ സേവനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 രൂപാ ഫീസിനെയാണ് കൊള്ളയെന്നു പറഞ്ഞ് ചിലര്‍ വിമര്‍ശിക്കുന്നത്. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് ശ്രമം.
പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിര്‍ബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയര്‍ത്തിയാണ് ഈ തെറ്റായ പ്രചാരണം നടത്തുന്നത്. നിലവില്‍ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ കൊടുക്കാന്‍ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ്. വേണ്ടത്ര അവധാനതയില്ലാതെ, തെറ്റിദ്ധാരണ പരത്തുന്ന മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ മറവില്‍ തെറ്റായ വാര്‍ത്തകളും നുണപ്രചാരണവും നിരന്തരം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി ഫെസ് ബുക്കില്‍ കുറിച്ചു.പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 100 ശതമാനം യൂസര്‍ഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ ഭരണസമിതി തീരുമാനപ്രകാരം തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് സ്പഷ്ടീകരിച്ച് പ്രത്യേക ഉത്തരവും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി ഹരിതകര്‍മ്മ സേനക്ക് നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ്, രസീതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിര്‍ദേശിക്കാനാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഹരിതകര്‍മ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാന്‍ തയാറാകുന്ന സാമൂഹ്യബോധം കേരളത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹത്തായ സേവനത്തെ ആരും വിലകുറച്ചു കാണരുത്. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് നമുക്ക് തുടരാം. അതിനായി ഹരിതകര്‍മ്മസേനയ്ക്ക് കരുത്തു പകരാമെന്നും മുഖ്യമന്ത്രി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *